
കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. എം. കെ. ജയരാജ് കുട്ടി സ്ലാം 2026ന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുന്നു
കൊച്ചി: സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സ്ട്രീം എക്കോസിസ്റ്റത്തിന്റെ സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി സമഗ്രാശിക്ഷാ കേരളവും, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും (കുസാറ്റ്) സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല ‘കുട്ടി സ്ലാം’ പരിപാടി കുസാറ്റിലെ സെമിനാർ കോംപ്ലക്സിൽവെച്ച് കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. എം. കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. സിൻഡിക്കേറ്റ് അംഗം ഡോ. സന്തോഷ് കുമാർ. ജി, സർവകലാശാല രജിസ്ട്രാർ ഡോ. അരുൺ എ. യു, കുസാറ്റ് മുൻ വൈസ് ചാൻസലർ ഡോ. പി. ജി. ശങ്കരൻ, C-SIS ഡയറക്ടർ ഡോ. ഷൈജു പി ഐ, എസ് സി ഇ ആർ ടി റിസർച്ച് ഓഫീസർ വിനീഷ് ടി. വി, എറണാകുളം ഡിഡിഇ സുബിൻ പോൾ, സമഗ്ര ശിക്ഷ കേരളം സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ. ബി ഷാജി തുടങ്ങിയവർ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി പാലക്കാട്, തൃശൂർ, എറണാകുളം, കണ്ണൂർ, ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിൽ നിന്നായി ജലജന്യ രോഗങ്ങൾ പ്രാദേശിക വ്യാപന സാധ്യത പഠനം, കൃഷി നൂതന സമീപനങ്ങളും യുവതലമുറയും, സാനിറ്ററി നാപ്കിൻ ഉപയോഗം ശാസ്ത്രീയമോ, സുസ്ഥിരവികസനത്തിനായി കാർബൺ ന്യൂട്രൽ വീടുകൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള കുട്ടികളുടെ ഗവേഷണ പഠനങ്ങൾ അവതരിപ്പിച്ചു. ശാസ്ത്രീയ ചിന്ത, സൃഷ്ടിപരാമായ സമീപനം, പ്രായോഗിക അറിവ് എന്നിവ പ്രോത്സാഹിപ്പിക്കുന്ന രീതിയിലായിരുന്നു അവതരണങ്ങൾ. സ്കൂൾ വിദ്യാർത്ഥികളിൽ ശാസ്ത്ര സാങ്കേതിക രംഗങ്ങളോടുള്ള താല്പര്യവും ഗവേഷണ മനോഭാവവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടി സ്ലാം എന്ന പരിപാടി സംഘടിപ്പിക്കുന്നത്.
കുട്ടി സ്ലാം 2026 സമാപന ചടങ്ങ് ഫെബ്രുവരി 27ന് നിയമ-വ്യവസായ-കയർ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
Photo Courtesy - Google








